കരീംനഗർ (തെലങ്കാന): സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേശവപട്ടണം സ്വദേശി സിരിഷയാണ് കൊല്ലപ്പെട്ടത്.
സിരിഷയും ഭർത്താവ് കനകം പ്രവീണും 11 വർഷം മുമ്പാണ് വിവാഹിതരായത്. എന്നാൽ കുടുംബപ്രശ്‌നത്തെ തുടർന്ന് ഏറെക്കാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
കഴിഞ്ഞ ദിവസം വിവാഹ ബന്ധം വേർപെടുത്തുന്നതിനായി സിരിഷ ഭർത്താവിന് നോട്ടിസ് അയച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രവീൺ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിരിഷ അങ്കണവാടിയിലാണ് ജോലി ചെയ്യുന്നത്.
ഇവിടെ എത്തിയ പ്രവീൺ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടക്കുന്നതിനിടെ യുവതിയെ വലിച്ചിഴച്ച് കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രവീണിനെ പിടിച്ചുമാറ്റാൻ ശ്രമിച്ച കുമാറിനും പരിക്കേറ്റു. പ്രതി പ്രവീൺ ഒളിവിലാണ്.