ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഉള്‍പ്പടെ രണ്ട് പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തു.
പെരുമ്പാവൂരിൽ കഴിഞ്ഞദിവസം പിടികൂടിയ 8200 ലിറ്റർ സ്‌പിരിറ്റ് സംഘത്തിലെ കണ്ണികളാണ് അറസ്‌റ്റിലായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവര്‍. 6 മാസത്തോളമായി സ്‌പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്ത് വില്‍പന നടത്തുകയായിരുന്നു പ്രതികളെന്ന് അന്വേഷണസംഘം പറഞ്ഞു. സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പിലാണ് കന്നാസുകളിലായി സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നെടുങ്കണ്ട ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌ലറി കണ്ടെത്തിയത്. വ്യാജ വിദേശമദ്യവും ഇവിടെ നിര്‍മ്മിച്ചിരുന്നു. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.
Also read: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് ഒന്നരയേക്കർ ഭൂമി; ഉടമസ്ഥത മരവിപ്പിച്ച് എക്സൈസ്