ഹൈദരാബാദ്: റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ഹോം ഗാർഡ് അറസ്റ്റിൽ. ആർടിഎ ഉദ്യോഗസ്ഥനായ സ്വാമിയാണ് അറസ്റ്റിലായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ നാല് വർഷം മുൻപ് ഇയാൾ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
പിന്നീട് ഇയാൾ നിരന്തരം യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്‌തു. 2022 ജനുവരിയിൽ യുവതിക്ക് ഹൈദരാബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് കുറച്ച് നാൾ ഇയാളുടെ ശല്യങ്ങൾ ഉണ്ടായിരുന്നില്ല.
അടുത്തിടെ ഇയാളുടെ ശല്യം വീണ്ടും ആരംഭിച്ചതിനെ തുടർന്ന് ഇയാളുടെ അമ്മയോടും ഭാര്യയോടും യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ സ്വാമി യുവതിയുടെ മുൻ ഭർത്താവിനും അമ്മായിയമ്മയ്‌ക്കും വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതോടെ, യുവതി ജൂലൈ 22 ന് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഐപിസി 376, 354 ഡി, 506, 509 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.