പാലക്കാട്: പറക്കുന്നത്ത് 50 പവൻ സ്വർണം മോഷണം പോയ കേസിൽ അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലായത്. 2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്‍റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്.
2022 ഫെബ്രുവരി 12ന് ബന്ധുവായ ജാഫറിന്‍റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാർ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചുവെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും മോഷ്‌ടാവിനെ കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ ബഷീറിന്‍റെ ബന്ധുവിന്‍റെ വീട് സമീപവാസിയായ ജാഫർ അലി 27 ലക്ഷത്തിന് വിലക്ക് വാങ്ങുകയായിരുന്നു. തുടർന്ന് നാല് ലക്ഷത്തിന്‍റെ നവീകരണ പ്രവൃത്തികളും നടത്തി. നാട്ടുകാരന്‍റെ പെട്ടെന്നുള്ള സാമ്പത്തികാഭിവൃദ്ധിയിൽ സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഫർ അലിയെ കസ്റ്റഡിയിലെടുക്കുന്നത്.
വിരലടയാളം പരിശോധിച്ചതോടെ പ്രതി ഇയാൾ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മോഷണം നടത്തിയത് താനാണെന്ന് ജാഫർ അലി സമ്മതിച്ചു. മോഷ്‌ടിച്ച് സ്വർണം പല ഘട്ടങ്ങളിലായാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രവാസിയായിരുന്ന ജാഫർ അലി 2019 മുതൽ നാട്ടിലാണ് താമസം. പറക്കുന്നത്തെ ഒരു പലചരക്ക് കടയിലാണ് ജോലി. നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവർത്തിക്കുന്നയാളാണ് ജാഫര്‍ അലി.
മോഷണം നടന്നപ്പോൾ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിൽ ജാഫര്‍ അലിയുണ്ടായിരുന്നു. പാലക്കാട് നോർത്ത് എസ്.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.