കൊച്ചി : രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 3.25 കിലോ സ്വർണം പിടികൂടി. കസ്‌റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) 24 മണിക്കൂറിനിടെ ഇത്രയും സ്വര്‍ണം പിടികൂടിയത്. അതേസമയം കണ്ടെടുത്ത സ്വര്‍ണം വിപണിയില്‍ 1.5 കോടി രൂപ വിലമതിക്കുന്നതാണെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് 6E068 എന്ന ഇന്‍ഡിഗോ വിമാനത്തിലെ രണ്ട് യാത്രക്കാരെ എയർ ഇന്റലിജൻസ് യൂണിറ്റ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 117 ഗ്രാം സ്വർണ പേസ്‌റ്റും, മലപ്പുറം സ്വദേശിയില്‍ നിന്ന് 1,140 ഗ്രാം ഭാരമുള്ള നാല് ഗുളികകളും കണ്ടെടുത്തു.
ദുബായിൽ നിന്ന് എഫ്‌ഇസഡ് 441 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി നിഖിൽ കമ്പിവളപ്പിൽ നിന്ന് 1,783.27 ഗ്രാം സ്വർണ മിശ്രിതവും എഐയു പിടിച്ചെടുത്തു. ക്യാപ്‌സ്യൂൾ പരുവത്തിലുള്ള കറുത്ത നാല് പാക്കറ്റുകള്‍ മലദ്വാരത്തിലും വെളുത്ത മാസ്കിംഗ് ടേപ്പ് കൊണ്ട് പൊതിഞ്ഞ ചതുരാകൃതിയിലുള്ള ഒരു പാക്കറ്റ് അടിവസ്‌ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.