കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള ജി6-56 വിമാനത്തില്‍ യാത്ര ചെയ്‌ത കോഴിക്കാട് സ്വദേശി അബ്‌ദുറഹിമാനില്‍ നിന്നാണ് സ്വർണം പിടികൂടിയത്. കാൽമുട്ടിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.
90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റും എയർ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. 1980 ഗ്രാം ഭാരമുള്ള രണ്ട് പോളിത്തീൻ പാക്കറ്റുകളില്‍ പൊതിഞ്ഞ നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്‌ദുറഹിമാന്‍റെ മൊഴിയുടെയും ഫോൺവിവരങ്ങളുടെയും അടിസ്ഥാനത്തിൽ വടകര സ്വദേശി ഹമീദിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡെപ്യൂട്ടി കമ്മിഷണർ ജയകാന്ത് സി.വി, സൂപ്രണ്ടുമാരായ ബേബി വി.പി, മുരളി പി, ഇൻസ്പെക്‌ടർമാരായ അശ്വിൻ നായർ, പങ്കജ്, സൂരജ് ഗുപ്‌ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.