ഹൂഗ്ലി/മാൾഡ : പശ്ചിമ ബംഗാളിലെ രണ്ട് ജില്ലകളിൽ ഒരേ ദിനം രണ്ട് കൂട്ട ബലാത്സംഗങ്ങള്‍. ഹൂഗ്ലി, മാൾഡ ജില്ലകളിലാണ് രണ്ട് വ്യത്യസ്‌ത കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഹൂഗ്ലിയിലെ ഉത്തർപറയിൽ യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ നാലുപേർ അറസ്റ്റിലായി. പി ശിവ റാവു, വി ഹരീഷ്, ബി വിവേക്, ആകാശ് ജന എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാൾ നേരത്തേ യുവതിയെ ബലാത്സംഗം ചെയ്‌തിരുന്നു. ശേഷം വീഡിയോ റെക്കോർഡ് ചെയ്തു.
പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണി : ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാൾ മറ്റ് പ്രതികളുമായി ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീഡിയോ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം ശ്രീരാംപൂർ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം കോന്നഗർ മുനിസിപ്പാലിറ്റി കൗൺസിലറായ കെ ബേബി പ്രതികളോട് ക്ഷമിക്കണമെന്ന് ഇരയോട് ആവശ്യപ്പെട്ടതും വിവാദമായി.
13കാരി കൂട്ടബലാത്സംഗത്തിനിരയായി : മാൾഡയിലെ കാലിയാചക്കിലും സമാനമായ സംഭവം ഉണ്ടായി. ബുധനാഴ്‌ച (ഏപ്രിൽ 20) രാത്രി കാലിയാചാക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 13കാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ആലംഗീർ ഷെയ്ഖ്, ടോട്ട ഷെയ്ഖ്, സെലിം ഷെയ്ഖ്, സുജൻ റാബിദാസ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരിൽ സെലിം, സുജൻ എന്നിവർ ഇതിനകം അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് കുടിയേറ്റ തൊഴിലാളിയാണെന്നും നിലവിൽ കേരളത്തിലാണെന്നും പൊലീസ് പറയുന്നു.
പെൺകുട്ടി തന്‍റെ അമ്മയ്ക്കും നാല് സഹോദരങ്ങൾക്കുമൊപ്പമാണ് താമസിക്കുന്നത്. ബുധനാഴ്‌ച രാത്രി പെൺകുട്ടിയുടെ അമ്മ നിസ്‌കരിക്കാൻ പോയ സമയത്താണ് സംഭവം. ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്‌ക്ക് ഉറങ്ങുകയായിരുന്നു. സാഹചര്യം മുതലെടുത്ത് പ്രദേശവാസികളായ നാല് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ALSO READ: എട്ട് വയസുകാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ
മകളെ കാണാത്തതിനെ തുടർന്ന് അമ്മ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. ഉടൻതന്നെ കുട്ടി ബോധരഹിതയായി.ബോധം വന്നപ്പോൾ പെൺകുട്ടി നടന്നതെല്ലാം അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ പരാതി നൽകുകയായിരുന്നു. നാല് പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പടയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.