ഇടുക്കി: നെടുംകണ്ടത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്നായി ലക്ഷങ്ങളുടെ നിർമാണ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത യുവാവ് മുങ്ങി. ഡിസംബറിൽ നെടുങ്കണ്ടം മേഖലയിലെ പത്തോളം സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങൾ വാടകയ്ക്ക് എടുത്താണ് ഇയാൾ കടന്നുകളഞ്ഞത്. നെടുങ്കണ്ടം, പച്ചടി ഇരവിൽ ജിജോ ജോർജ് (38) എന്ന വിലാസത്തിലുള്ള തിരിച്ചറിയൽ രേഖ നൽകിയാണ് ഹയറിങ് സെന്‍ററുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രില്ലിങ് മെഷീൻ, മോട്ടോർ സെറ്റ്, വെൽഡിങ് സെറ്റ്, സ്‌പാനർ മെഷീൻ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങളാണ് പല സ്ഥാപനങ്ങളിൽ നിന്നും നഷ്‌ടമായിരിക്കുന്നത്. ഇവിടങ്ങളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ലഭ്യമല്ലാതെ വരികയും ദിവസ വാടകക്ക് നൽകുന്ന സാധനങ്ങൾ ഒരു മാസമായിട്ടും തിരികെ ലഭിക്കാതെ വന്നതോടെയുമാണ് കബളിപ്പിക്കപ്പെട്ടതാണോ എന്ന് ഉടമകൾക്ക് സംശയം തോന്നിയത്.
ഏതാണ്ട് അടുത്തടുത്ത ദിവസങ്ങളിലാണ് എല്ലാ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാടകക്ക് എടുത്തിരിക്കുന്നത്. ഇതോടെ ഉടമകൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. ഹയറിങ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടത്ത് നടന്ന തട്ടിപ്പിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു.