വാറങ്കൽ (തെലങ്കാന): ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി യാചകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിൽ. വാറങ്കൽ ഫാറൂഖ് നഗർ മണ്ഡലിലെ മൊഗലിഗിദ്ദയിലാണ് സംഭവം. കേസിലെ മുഖ്യസൂത്രധാരൻ ബോഡതണ്ട സ്വദേശി ബോഡ ശ്രീകാന്ത്, മൽകാജ്‌ഗിരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ മോത്തിലാൽ, സതീഷ്, സമ്മണ്ണ എന്നിവരാണ് അറസ്‌റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഒരു വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്ഥിരമായി തട്ടിപ്പ് നടത്തുന്നയാളാണ് ബോഡ ശ്രീകാന്ത്. ഇയാളുടെ പേരിൽ നിരവധി കേസുകളുമുണ്ട്. ബോഡ ശ്രീകാന്താണ് അനാഥനായ ഒരു യാചകന്‍റെ പേരിൽ 50 ലക്ഷം രൂപ ഇൻഷുറൻസ് ചെയ്‌ത് ആ തുക തട്ടിയെടുക്കുന്നതിനായി അയാളെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത്.
2021 ഡിസംബർ 22ന് പ്രതികൾ യാചകനെ കാറിൽ കയറ്റി കൊണ്ടുപോയി. പ്രതികൾ അയാളെ മദ്യം കുടുപ്പിച്ച് ഹോക്കി സ്‌റ്റിക്ക് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം അപകടമരണമായി കാണിക്കുന്നതിനായി യാചകനെ വണ്ടിയിൽ നിന്ന് തള്ളിയിടുകയും അയാളുടെ ദേഹത്തുകൂടി വണ്ടി കയറ്റുകയും ചെയ്‌തു.
പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടലെടുത്ത സംശയത്തെതുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ യാചകന്‍റെ മരണശേഷം മുഖ്യപ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി കമ്പനിയെ സമീപിക്കുകയും ചെയ്‌തു.
തന്‍റെ ഡ്രൈവറാണ് മരിച്ച യാചകനെന്ന് പറഞ്ഞാണ് ബോഡ ശ്രീകാന്ത് കമ്പനിയെ സമീപിച്ചത്. ക്ലെയിമിന്‍റെ സ്ഥിരീകരണത്തിനായി കമ്പനി പൊലീസിനെ സമീപിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതികളെ കുറിച്ച് ശ്രീകാന്ത് പറഞ്ഞത്. തുടർന്ന് പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.