പാലക്കാട് : ആർഎസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനും പട്ടാമ്പി സ്വദേശിയുമായ അബ്ദുൾനാസർ, ഹനീഫ, മരുതൂർ സ്വദേശി കാജാഹുസൈന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് നേതൃത്വം നൽകിയ പട്ടാമ്പി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രതികൾ സഞ്ചരിച്ച ബൈക്കുകൾ ഓങ്ങല്ലൂരിലെ വർക്ഷോപ്പില്‍ പൊളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നടന്ന അന്വേഷണത്തിനിടെയാണ് നാല് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്ത പ്രതികളെ ഓങ്ങല്ലൂരിലെ വർക്ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
also read: ശ്രീനിവാസനെ ആക്രമിച്ചത് മൂന്ന് സ്‌കൂട്ടറുകളിലായെത്തിയ ആറംഗ സംഘം ; സിസിടിവി ദൃശ്യം പുറത്ത്
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. പ്രതികള്‍ കൊലപാതകത്തിനുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ ഉള്‍പ്പെട്ട ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രില്‍ 16 ന് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കടയ്ക്കകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിന്‍റെ മരണത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് അക്രമി സംഘമെത്തി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.