ലഖ്‌നൗ: ലഖ്‌നൗ സ്വദേശിയായ 70 കാരനില്‍ നിന്നും യുവതി 1.80 കോടി രൂപ തട്ടിയെടുത്തു. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് പുതിയ വിവാഹത്തിന് ശ്രമിക്കുന്നതിനിടെയാണ് വയോധികന്‍ തട്ടിപ്പിനിരയായത്. മൂന്ന് മാസത്തിന് മുന്‍പ് ഭാര്യ മരിച്ചതിന് പിന്നാലെ പുനര്‍വിവാഹത്തിന് 70-കാരനായ ഡോക്‌ടര്‍ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു.
തുടര്‍ന്ന് ലഭിച്ച വിവാഹ അഭ്യര്‍ഥനകളുടെ അടിസ്ഥാനത്തില്‍ 70-കാരന്‍ നാല്‍പതുകാരിയായ കൃഷ്‌ണ ശര്‍മ്മ എന്ന സ്‌ത്രീയുമായി അടുപ്പത്തിലാകുകയായിരുന്നു. തന്‍റെ വിവാഹ ബന്ധം വേര്‍പെടുത്തിയതാണ്, ഫ്ലോറിഡയിലാണ് താമസം, അമേരിക്കയിലെ കാര്‍ഗോ ഷിപ്പില്‍ മറൈന്‍ എഞ്ചിനിയറാണ് താനെന്നും കൃഷ്‌ണ ഡോക്‌ടറെ ബോധ്യപ്പെടുത്തി. പുതിയ ബിസിനസ് തുടങ്ങുന്നതിനായി അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് യുവതി ഡോക്‌ടറോട് പണം ആവശ്യപ്പെട്ടത്.
ഡോക്‌ടർ തുക നൽകിയ ശേഷം കൃഷ്‌ണ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തതായി പൊലീസ് പറഞ്ഞു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഡോക്‌ടർ ലഖ്‌നൗ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.