കോട്ടയം: പാലാ പച്ചാത്തോട് പെറ്റ്സ് പാർക്ക് എന്ന സ്ഥാപനത്തിൽ നിന്നും പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന 3 പൂച്ചകളെ മോഷ്ടിച്ച പ്രതി പിടിയിൽ. കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെയാണ് പാലാ എസ്.എച്ച്.ഒ കെ.പി തോംസന്‍റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്‌തത്. മോഷണം പോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിൽ ഉള്ള ഫാം ഹൗസിൽ നിന്നും കണ്ടെത്തി.
മാർച്ച് 30-ാം തീയതി രാത്രി 10.45നാണ് പ്രതി മോഷണം നടത്തിയത്. ഇയാൾ കടയ്‌ക്കുള്ളിൽ കയറി മൂന്ന് പൂച്ചകളെ മോഷ്‌ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിൽ ആക്കി പുറത്തു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഒരു മാസക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
ഇതിൽ നിന്ന് മാർച്ച് 24-ാം തീയതി പ്രതി ഭാര്യയോടും കുട്ടികളോടുമൊപ്പം ഈ സ്ഥാപനത്തിൽ എത്തി ചെറിയ ഒരു പട്ടിക്കുട്ടിയെ നൽകി മറ്റൊരു പട്ടിയെ പകരം വാങ്ങിയതായി കണ്ടെത്തി. ഇതിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം തടവും പിഴയും
പിടിയിലായ ലിജോ മണിമല പൊലീസ് സ്റ്റേഷനിലെ വധശ്രമം, പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. എസ്.ഐ. അഭിലാഷ് എം. ടി, എ.എസ്.ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.