പാലക്കാട് : യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. കരിമ്പ കല്ലടിക്കോട് ചെറുള്ളി പുറ്റുണ്ട വീട്ടിൽ അഹമ്മദ് സാഹിബിന്‍റെ മകൾ റിൻസിയയെയാണ്(23) 2021 മാർച്ച് ഏഴിന് മൈലംപുള്ളിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌ത്രീധന പീഡനത്തെത്തുടർന്ന് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്‌മയയുടെ കേസിൽ ഭർത്താവ് കിരൺകുമാറിന് ശിക്ഷ വിധിച്ച ദിവസം തന്നെ തന്‍റെ മകളുടെ മരണത്തിൽ തുടരന്വേഷണത്തിന് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്ന് അഹമ്മദ് സാഹിബ് പറഞ്ഞു. തലേന്ന് രാത്രി വീട്ടിലേക്ക് വിളിച്ച റിൻസിയ സന്തോഷവതിയായിരുന്നെന്നും എന്നാൽ പുലർച്ചെ മൂന്നിന് മരണപ്പെട്ടുവെന്ന വിവരമാണ് അറിഞ്ഞതെന്നും അഹമ്മദ് സാഹിബ് പറഞ്ഞു.
Also read: ജീവനൊടുക്കുന്ന താരങ്ങള്‍ ; 15 ദിവസത്തിനിടെ 4 ആത്മഹത്യകള്‍
പണം ചോദിച്ച് ഭർത്താവിന്‍റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. കൃത്യമായ അന്വേഷണം നടന്നില്ലെന്നും ഭർതൃവീട്ടുകാർക്കെതിരെ കൊലക്കുറ്റവും തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തണമെന്നും അഹമ്മദ് സാഹിബ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. പി എസ് അഹമ്മദ് ഫൈസൽ ഹർജിക്കാരനുവേണ്ടി ഹാജരായി.