ഇടുക്കി: ഉടുമ്പൻചോലയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച വാർത്ത ചാനലിനെതിരെയും ഓൺലൈൻ മാധ്യമത്തിനെതിരെയും മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. അതിഥി തൊഴിലാളിയായ യുവതി നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി എന്ന വ്യാജ വാർത്ത പ്രചരിച്ചത് നാടാകെ പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. ജൂലൈ 28ന് വൈകിട്ടാണ് ദൃശ്യ മാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും വാർത്ത പ്രചരിച്ചത്.
സേനാപതി വെങ്കലപാറ എസ്‌റ്റേറ്റിൽ അതിഥി തൊഴിലാളിയായ യുവതി നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് വാർത്ത പ്രചരിച്ചത്. ഉടുമ്പൻചോല പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായ യുവതിക്ക് രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
വാർത്ത പ്രചരിപ്പിച്ച വാർത്ത ചാനലിനെതിരെയും ഓൺലൈൻ മാധ്യമത്തിനെതിരെയും നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ പൊലീസില്‍ പരാതി നൽകി. വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടി എടുത്ത് ഇത്തരക്കാരെ നിയന്ത്രിക്കണമെന്നതാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഉടുമ്പൻചോല എസ്എച്ച് ഒയ്ക്കും പൊതുപ്രവർത്തകൻ ജയൻ സേനാപതി പരാതി നൽകിയിട്ടുണ്ട്.