താനെ(മഹാരാഷ്‌ട്ര): കോളജിലേക്ക് പോകുന്നതിനായി വഴിയരികിൽ നിന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ കയറിപ്പിടിച്ചു. മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം. വിദ്യാര്‍ഥിനിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു.
ഇന്നലെ(14.10.2022) രാവിലെ ഏഴ് മണിക്കാണ് സംഭവം. കോളജിലേക്ക് പോകുന്നതിനായി വിദ്യാര്‍ഥിനി, താനെ സ്‌റ്റേഷൻ റോഡ് പരിസരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അവിടെയെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിയോട് മോശമായി പെരുമാറി. ഇതിനെതിരെ യുവതി ചോദ്യം ചെയ്‌തതോടെ പ്രകോപിതനായ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ഞെരിക്കുകയും ഓട്ടോയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ കൈയിൽ പിടിച്ച് ഓട്ടോയുമായി കടന്നുകളയാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍ വിദ്യാർഥിനിയെ ഉപദ്രവിക്കുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ നേവി മുംബൈയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.