പാലക്കാട്: കഞ്ചിക്കോട്ട് കോളജ് ബസ് തടഞ്ഞ് വിദ്യാർഥികളെ മർദിച്ച കേസിൽ കോളജ് വിദ്യാർഥി ഉൾപ്പെടെ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ വാളയാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രദേശത്തെ സജീവ ആർഎസ്എസ് - ബിജെപി പ്രവർത്തകരായ രോഹിത്ത് (20), അക്ബർ (25), സുജീഷ് (25), നിഖിൽ (22), സത്യദത്ത് (21) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷൻ ജംഗ്‌ഷനു സമീപം ചാവടിയിലെ സ്വകാര്യ കോളജ് ബസ് തടഞ്ഞുനിർത്തി വിദ്യാർഥികളെ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെ കോളജിനു മുന്നിൽ വച്ച് ബസിലെ സീറ്റിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതിൽ കോളേജ് വിദ്യാർഥിയായ രോഹിത്തിന് മർദനമേറ്റു. ഇതിന്‍റെ പ്രതികാരമായാണ് ആർഎസ്‌എസ് പ്രവർത്തകർ ബസിൽ കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചത്.
പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലേറെ പേർ ബസിലുണ്ടായിരുന്നു. സംഭവം വാളയാർ പൊലീസിൽ അറിയിച്ചെങ്കിലും വിദ്യാർഥികൾ പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. ബസിലെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്‌ച പുറത്തുവന്നതോടെയാണ് മാനേജ്മെന്‍റ് നിർദേശ പ്രകാരം ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
അറസ്‌റ്റിലായവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും വാളയാർ ഇൻസ്പെക്‌ടർ ജെ ആർ രഞ്ജിത്ത് പറഞ്ഞു.