ഗുവാഹത്തി(അസം): അസമിൽ ശൈശവ വിവാഹത്തിനെതിരെ വ്യാപക നടപടി. 2,170 പേരെയാണ് ശൈശവ വിവാഹത്തിന്‍റെ പേരിൽ ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. 24 മണിക്കൂറിനിടെയാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്ന് അസം ഐജി പ്രശ്രാന്ത കുമാർ ഭുയാൻ പറഞ്ഞു.
അസമിൽ വ്യാപകമായി ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് അന്വേഷണം നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ദ ബിന്ദ്വ ശർമ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2,170 പേർ അറസ്‌റ്റിലായത്. പിടിയിലായവരിൽ 52 പേർ വിവിധ മത പുരോഹിതന്മാരാണ്.
അസമിലെ ധുബ്രി, ബാർപേട്ട, കൊക്രജാർ, വിശ്വനാഥ് എന്നീ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്‌റ്റിലായത്. അസമിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ 4,074 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അറസ്‌റ്റ് നടപടികൾ തുടരുകയാണ് ഇനിയും കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നും ഡിജിപി ജിപി സിങ് വ്യക്തമാക്കി.
ഗ്രാമത്തലവന്മാർ, സാമുദായിക നേതാക്കൾ എന്നിവരിൽ നിന്നാണ് ശൈശവ വിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. 2020 മുതൽ 2022 വരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിലെ വിവരങ്ങളാണ് ശേഖരിച്ചത്. അറസ്‌റ്റിലായവർക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.
14 വയസിന് താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്നവർക്കെതിരെ ശൈശവ നിരോധന നിയമപ്രകാരവും കേസ് എടുക്കാനാണ് അസം മന്ത്രിസഭയുടെ തീരുമാനം.