കൊല്ലം: ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. അഞ്ചൽ ഏറം പെരിഞ്ഞേലിക്കോണം നെടുവിള വീട്ടിൽ ഗണേശനും മകൻ ഹരിയുമാണ് അറസ്റ്റിലായത്. ചരുവിള വീട്ടിൽ അനി എന്നു വിളിക്കുന്ന തുളസിയെയാണ് റോഡിൽ തടഞ്ഞ് നിർത്തി ഇരുവരും ക്രൂരമായി മർദ്ദിച്ചത്. മദ്യപിച്ചെത്തിയ പ്രതികൾ അനിയുടെ വീടിന്‍റെ കതക് കൊടുവാൾ കൊണ്ട് വെട്ടിയും ചവിട്ടിയും തകർത്തു. സംഭവം തടയാൻ ശ്രമിച്ച അനിയുടെ വൃദ്ധ മാതാവിനെയും ഇവർ അക്രമിച്ചു.
പിന്നീട് ജോലി കഴിഞ്ഞ് വന്ന അനിയെ റോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുയും കൊടുവാൾ കൊണ്ട് അനിയുടെ ഇടത് കൈവെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും പ്രതികൾ കൊടുവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. മാർച്ച് രണ്ടിനായിരുന്നു അക്രമം. പ്രതികളെ അഞ്ചൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് അനി കൊല്ലം റൂറൽ എസ്‌പിയ്ക്ക് പരാതി നൽകി. അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജാമ്യംഇല്ലാ വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.