കോഴിക്കോട് : പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പടെ ഏഴ് പേർ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, ഭർത്താവ് അനിരുദ്ധൻ എന്നിവരും ഇവർ ക്വട്ടേഷന്‍ ഏൽപ്പിച്ച നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുണ്‍, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരുമാണ് അറസ്റ്റിലായത്.
ALSO READ:'രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍' : അന്വേഷണമാരംഭിച്ച് ഇന്‍റലിജന്‍സ്
ചേവായൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബർ 11നാണ് വധുവിനെ സഹായിച്ചെന്ന് പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.