പൂര്‍ണിയ (ബിഹാര്‍) : ഓടുന്ന ബസിലുണ്ടായ പീഡന ശ്രമം ചെറുക്കാന്‍ ജനാല മാര്‍ഗം എടുത്തുചാടിയ 35 കാരിക്ക് ഗുരുതര പരിക്ക്. സിലിഗുരിയിലെ പ്രൈവറ്റ് സ്‌കൂള്‍ അധ്യാപികയായ പശ്ചിമ ബംഗാള്‍ ഡാര്‍ജിലിങ് സ്വദേശിനിക്കുനേരെയാണ് പൂര്‍ണിയ ജില്ലയില്‍ വച്ച് പീഡനശ്രമമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇവരെ പൂര്‍ണിയയിലുള്ള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുവതിയുടെ മൊഴി ഇങ്ങനെ : സംഭവത്തില്‍ യുവതിയുടെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ കോളജില്‍ ചികിത്സിക്കുന്ന ഡോക്‌ടര്‍ സി.കെ സിന്‍ഹ അറിയിച്ചു. പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ താന്‍ സിലിഗുരിയില്‍ നിന്ന് വൈശാലിയിലേക്കെത്തിയതാണെന്നും യുവതി അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച രാത്രി താന്‍ തനിച്ച് വൈശാലിയില്‍ നിന്ന് സിലിഗുരിയിലേക്ക് പോകുന്ന പശ്ചിമ ബംഗാള്‍ ബസില്‍ കയറാനായി എത്തിയതായിരുന്നു. ഈ സമയത്ത് ബസില്‍ കയറിയ ആറുപേര്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. താന്‍ ഇതിനെ പ്രതിരോധിച്ചപ്പോള്‍ ഇവര്‍ കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു. ഈ സമയം താന്‍ ബഹളംവച്ചു. എന്നാല്‍ ബസ് ഡ്രൈവര്‍ വാഹനത്തിന്‍റെ വേഗത കൂട്ടുകയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ താന്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ജനല്‍ മാര്‍ഗം എടുത്തുചാടുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പൊലീസ് ഭാഷ്യം ഇങ്ങനെ: പൂര്‍ണിയയിലെ ബൈസി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ചെക്‌പോസ്‌റ്റിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്.തന്നെ ആക്രമിക്കാന്‍ തുനിഞ്ഞ ഒരുകൂട്ടം പുരുഷന്മാരില്‍ നിന്ന് രക്ഷപ്പെടാനായാണ് ബസില്‍ നിന്ന് ചാടിയതെന്നാണ് യുവതി തങ്ങള്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം ആരംഭിച്ചതായും പൂര്‍ണിയ പൊലീസ് സൂപ്രണ്ട് അമീര്‍ ജാവേദ് പറഞ്ഞു.
അര്‍ധരാത്രി റോഡില്‍ പരിക്കേറ്റ നിലയില്‍ കിടന്നിരുന്ന സ്‌ത്രീയെ പട്രോളിങ്ങിനിടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നുവെന്നും ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.