ഛപ്ര (ബിഹാര്‍): സരൺ ജില്ലയിലെ ഛപ്രയില്‍ വ്യാജമദ്യം കുടിച്ച് 20 പേര്‍ മരിച്ചു. ഛപ്ര ഇസുവാപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പരമ്പരാഗത ലഹരിപാനീയമായ 'മോഹുവ' കഴിച്ചതിനെ തുടര്‍ന്ന് 20 പേര്‍ മരിച്ചത്. അതേസമയം മരണകാരണം വ്യാജമദ്യമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുമ്പോഴും ഭരണകൂടം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
വ്യാജമദ്യം കുടിച്ച് മരിച്ച 20 പേരില്‍ ഏഴുപേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മഷ്‌റഖ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ യാദു മോറിൽ താമസിക്കുന്ന ജാദു സിങ്ങിന്‍റെ മകൻ കുനാൽ കുമാർ സിങ്, മഷ്‌റഖിലെ തന്നെ ഹനുമാന്‍ ഗഞ്ച് ഗ്രാമത്തിലുള്ള ബച്ച ശര്‍മയുടെ മകന്‍ മുകേഷ് ശര്‍മ, മഷ്‌റഖില്‍ നിന്നുള്ള ഹരേന്ദ്ര റാമിന്‍റെ മകന്‍ ഗണേഷ് റാം, ഗോപാല്‍ സാഹ് ശാസ്‌ത്രിയുടെ മകന്‍ റാംജി സാഹ്, ഇസുവാപുരിലെ ഡോയ്‌ല ഗ്രാമത്തില്‍ നിന്നുള്ള നൃസിഗ് റായിയുടെ മകൻ വിചേന്ദ്ര റായ്, വാകില്‍ സിങിന്‍റെ മകന്‍ മനോജ് കുമാര്‍ സിങ്, വിരേന്ദ്ര കുമാര്‍ സിന്‍ഹയുടെ മകന്‍ അമിത് രഞ്ജന്‍ എന്നിവരാണ് മരിച്ചത്.
വിഷം കലർന്ന മദ്യം മൂലമാണ് 20 പേരും മരിച്ചതെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക വിലയിരുത്തല്‍. മരണത്തിന്‍റെ യഥാർഥ കാരണം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമെ വ്യക്തമാവുകയുള്ളു. മാത്രമല്ല സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് അറിയിച്ചു. അതേസമയം മദ്യ നിരോധിത സംസ്ഥാനമായ ബിഹാറില്‍ ഇത്തരം സംഭവങ്ങളും മരണങ്ങളും വര്‍ധിക്കുന്നത് ജില്ലാ ഭരണകൂടത്തിന് ഏറെ അങ്കലാപ്പ് സൃഷ്‌ടിക്കുന്നുണ്ട്.