തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസ് വിചാരണക്കോടതിക്ക് കൈമാറിക്കൊണ്ട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കി. തിരുവനന്തപുരം ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് കേസിന്‍റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2022 ഫെബ്രുവരി ആറിനാണ് ചെടിക്കട ജീവനക്കാരിയായ വിനീത കൊല്ലപ്പെട്ടത്.
തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏകപ്രതി. വിനീതയുടെ മാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. വിനീതയുടെ കഴുത്തിനേറ്റ മൂന്ന് മുറിവുകളാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
കൃഷിവകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ്റെ അമ്പലംമുക്കിലുള്ള ടാബ്‌സ് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. ലോക്ക്‌ഡൗൺ നിയന്ത്രണമുണ്ടായിരുന്ന ഒരു ഞാറാഴ്‌ചയാണ് പ്രതി ജോലി സ്ഥലത്തെത്തിയ വിനീതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലര പവന്‍റെ മാലയുമായി കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പേരൂര്‍ക്കട പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.