കൊല്ലം: പൊലീസിന് നേരെ വടിവാള്‍ വീശി അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളായ ആന്‍റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തി രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തിരുന്നു.
ഇന്നലെ രാത്രിയോടെ കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം. കൊച്ചിയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. പടപ്പക്കരയിലെ ബന്ധു വീട്ടില്‍ ആന്‍റണി ദാസ് ഒളിവില്‍ കഴിയുന്നെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പ്രാദേശിക പൊലീസിനെ അറിയിക്കാതെ സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം ഇൻഫോപാർക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു പ്രതികളെ പിടികൂടാനെത്തിയത്. തുടര്‍ന്നായിരുന്നു പ്രതികള്‍ പൊലീസിനെതിരെ ആക്രമണം നടത്തി രക്ഷപ്പെട്ടത്.
നേരത്തെ കൊല്ലം റൂറല്‍ പൊലീസ് കാപ്പ ചുമത്തി നടപടി സ്വീകരിച്ചിരുന്നവരാണ് ആന്‍റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവര്‍. അതേസമയം പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അന്വേഷണ സംഘത്തിലെ ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ നിന്ന് അടൂരെത്തിച്ച് മര്‍ദനം: ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിച്ച ലെബിന്‍ വര്‍ഗീസ് എന്ന യുവാവിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോയി മര്‍ദിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വച്ച് അക്രമിസംഘം ആക്രമിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ലെബിനുമായി പ്രതികള്‍ കടന്ന് കളയുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയതായി യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ അടൂരുണ്ടെന്ന വിവരം ഇന്‍ഫോപാര്‍ക്ക് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം അന്വേഷണ സംഘം അടൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ അടൂർ പൊലീസ് നഗരത്തിലെ മുഴുവൻ ഹോട്ടലുകള്‍, ലോഡ്‌ജ്, ഒഴിഞ്ഞ ഗ്രൗണ്ടുകള്‍, വാടകവീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് റസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് കേസില്‍ പ്രതികള്‍ പിടിയിലായത്. സ്ഥലത്ത് നിന്നും യുവാവിന്‍റെ കാറും പൊലീസ് കണ്ടെടുത്തിരുന്നു.
കൊല്ലം കുണ്ടറ സ്വദേശി പ്രതീഷ്, ആറ്റിങ്ങൽ സ്വദേശി അക്ബർ ഷാൻ, അടൂർ സ്വദേശി വിഷ്‌ണു എന്നിവരെയായിരുന്നു പൊലീസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നാണ് കേസിലെ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.
Also Read: യുവാവിനെ തട്ടിക്കൊണ്ടുവന്ന് റസ്റ്റ് ഹൗസിൽ വച്ച് മർദനം: 3 പ്രതികൾ അറസ്റ്റിൽ