എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കൊവിഡ് ബാധിതനായാതിനാല്‍ ദിലീപിന്‍റെ അഭിഭാഷകനായ കെ.രാമൻ പിള്ള കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് കേസ് മാറ്റിവയ്ക്കണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
ഈ കേസ് അപഹാസ്യമാണന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണെന്നും ഹർജിക്കാരൻ വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ദിലീപിന്‍റെ അറസ്റ്റ് കോടതി തടഞ്ഞില്ല. എന്നാല്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ വാക്കാല്‍ അറിയിച്ചു.
ALSO READ ഇതിലേതെങ്കിലും സ്വഭാവം നിങ്ങളിലുണ്ടോ? എങ്കിലറിയുക നിങ്ങളൊരു നാര്‍സിസ്റ്റാണ്!
വെള്ളിയാഴ്ച വരെ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്‌തരിക്കുന്നത് വൈകിക്കുകയാണ് പുതിയ കേസിന്‍റെ ലക്ഷ്യമെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വൈരാഗ്യം കാരണമാണ് ഇത്തരമൊരു കേസ് റജിസ്റ്റർ ചെയ്‌തതെന്നു ഹർജിക്കാർ ആരോപിച്ചിരുന്നു.
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധ ഭീഷണി, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ല വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ്.
ഇതേ തുടർന്നാണ് ദിലീപ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.