വിരാർ (മഹാരാഷ്ട്ര): യുവതിക്കും പങ്കാളിക്കും നേരെ ഭർത്താവും മുൻ ആൺസുഹൃത്തും ചേർന്ന് ആസിഡ് ആക്രമണം നടത്തി. ഇരുപതുകാരിയായ കരിഷ്മ, പങ്കാളിയായ കമാല്‍ എന്നിവരാണ് ആസിഡ് ആക്രമണത്തിനിരയായത്. പാൽഘർ ജില്ലയിലെ വിരാറിലെ നാലാസോപാരയിലാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് ഇരുവർക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും കൈയിലും പൊള്ളലേറ്റ യുവതിയും പങ്കാളിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവായ തൗഫീഖ് ഇദ്രിസ്, മുൻ സുഹൃത്തായ കമ്രാൻ അൻസാരി എന്നിവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഒരു വർഷം മുൻപാണ് കരിഷ്മയും തൗഫീഖും വിവാഹിതരായത്. തൗഫീഖ് യുവതിയെ സ്ഥിരമായി മർദിക്കുമായിരുന്നു. മർദനത്തെ തുടർന്ന് യുവതി തൗഫീഖുമായി വേർപിരിഞ്ഞു. പിന്നീട് ഗ്രാമത്തിൽ തന്നെയുള്ള കമ്രാൻ അൻസാരിയുമായി യുവതി സൗഹൃദത്തിലാകുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തു.
എന്നാൽ കമ്രാൻ വിവാഹത്തിന് വിസമ്മതിച്ചതോടെ കരിഷ്മ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. നാലാസോപാരയിൽ താമസിച്ചുവന്നിരുന്ന യുവതി പ്രദേശവാസിയായ കമാൽ ഖാനുമായി അടുപ്പത്തിലാകുകയും ഒന്നിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ തൗഫീഖും കമ്രാനും നിരന്തരം ഇരുവരെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി ഇവർ താമസിക്കുന്ന വീട്ടിലെത്തി ജനലിലൂടെ ഇരുവർക്കും നേരെ ആസിഡ് ഒഴിച്ച ശേഷം സംഭവസ്ഥലത്ത് നിന്നും പ്രതികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പെൽഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read: വിവാഹാഭ്യർഥന നിരസിച്ചു; യുവാവിന് നേരെ ആസിഡ് ആക്രമണം, പ്രതി ഒളിവിൽ