കാസര്‍കോട്: നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് കസ്‌റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. കാസര്‍കോട് ആലംപാടി സ്വദേശി അമീര്‍ അലിയാണ് രക്ഷപ്പെട്ടത്. ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ പോകുംവഴിയാണ് ഇയാള്‍ അന്വേഷണ സംഘത്തിന്‍റെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞത്.
കഴിഞ്ഞ ദിവസം ഉണ്ടായ അടിപിടി കേസിനെ തുടര്‍ന്നാണ് അമീര്‍ അലിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയപ്പോഴാണ് ബി സി റോഡ് ജംഗ്ഷനില്‍ വെച്ച് പ്രതി ഓടി രക്ഷപ്പെട്ടത്. ബസിലായിരുന്നു അന്വേഷണസംഘം പ്രതിയുമായി യാത്ര ചെയ്‌തത്.
രണ്ട് അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളാണ് ഉളത്. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിച്ചു.