പട്‌ന : ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ ഓടുന്ന ട്രെയിനിന്‍റെ ജനലില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ഭഗൽപൂരില്‍ ബുധനാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 27) നടുക്കുന്ന സംഭവം. ബെഗുസരായ് സ്വദേശി പങ്കജ് കുമാറിനെയാണ് യാതികര്‍ ട്രെയിനിന് പുറത്ത് ജനലില്‍ കെട്ടിയിട്ടത്.
സാഹിബ്‌ഗഞ്ചിലെ മമൽഖ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ ജനല്‍ വഴി ഇയാള്‍ ഒരു യാത്രികന്‍റെ മൊബൈല്‍ ഫോണ്‍ കവരാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. ഉടന്‍ തന്നെ ഇയാളുടെ കൈ പിടിച്ച് ടെയിനിന് അകത്തേക്ക് വലിച്ച് ജനലില്‍ കെട്ടിയിട്ടു. യുവാവിനെ വലിച്ചിഴച്ച് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങി.
അഞ്ച് കിലോമീറ്റര്‍, ജനലില്‍ കെട്ടിയിടപ്പെട്ട യുവാവുമായാണ് ട്രെയിന്‍ നീങ്ങിയത്. സംഭവത്തിന്‍റെ വീഡിയോ ചില യാത്രികര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. ഇയാളെ ട്രെയിനിനകത്തേക്ക് വലിച്ചുകയറ്റാന്‍ ചിലര്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
മര്‍ദനത്തിന് ശേഷം യാത്രികര്‍ ഇയാളെ കഹൽഗാവിലെ ആർപിഎഫിന് കൈമാറി. മുമ്പ് ബെഗുസാരയിലും സമാന കുറ്റമാരോപിച്ച് ഒരാളെ യാത്രികര്‍ മര്‍ദിച്ച് ട്രെയിനിന് പുറത്ത് കെട്ടിയിട്ടിരുന്നു.