തിരുവനന്തപുരം: പോത്തന്‍കോട് കാണാതായ പത്തൊമ്പതുകാരിക്കായുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ഒരാഴ്‌ച മുൻപ് കാണാതായ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്‌റ്റംബർ 30നാണ് ജാസ്‌മിൻ-സജൂൻ ദമ്പതികളുടെ മകളായ സുആദയെ കാണാതായത്.
തിരുവനന്തപുരം എംജി കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയാണ് സുആദ. പോത്തന്‍കോട്, കന്യാകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ പോകുന്നുവെന്നറിയിച്ച ശേഷമാണ് സുആദ വീട്ടില്‍ നിന്നിറങ്ങിയത്.
നേരം വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ സുആദ റോഡ് മുറിച്ചു കടക്കുന്നതും കെഎസ്ആര്‍ടിസിയില്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും വ്യക്തമാണ്.
ഫോണ്‍ വിവരങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വീടിന് സമീപത്തെ ഒരു കടയില്‍ നിന്ന് സുആദ നൂറ് രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗ് സുആദയുടെ കൈവശമുണ്ട്. സുഹൃത്തുക്കൾ വഴിയുള്ള അന്വേഷണത്തിലും പുരോഗതിയില്ല.