കോഴിക്കോട് : കൊയിലാണ്ടിയില്‍ 19 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇക്കഴിഞ്ഞ 17ാം തിയതി ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകള്‍ കൃത്യം ചെയ്‌തുവെന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലുള്ള ഉമ്മയുടെ പിതാവിനെയാണ് വിളിച്ചുവരുത്തിയത്. ഇദ്ദേഹം എത്തി വാതിൽ ചവിട്ടി തുറന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.
അന്വേഷണം ആത്മഹത്യ കുറിപ്പില്‍ : ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.