ബെംഗളൂരു: ന്യൂമറോളജി വകുപ്പിന്‍റെ ബെംഗളൂരു ജില്ല ഓഫീസില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പതിനാലുകാരനായ മകന്‍ അറസ്റ്റില്‍. കര്‍ണാടക യദഗിരി സ്വദേശികളായ ഹനുമന്താര, ഹൊന്നമ്മ എന്നിവരാണ് മരിച്ചത്. ഇരുവരും ന്യൂമറോളജി വകുപ്പ് ബെംഗളൂരു ജില്ല ഓഫിസിലെ ജീവനക്കാരാണ്. ഓഫിസിനോട് ചേര്‍ന്ന ഒരു ഷെഡ്ഡിലാണ് കുടുംബം താമസിച്ചിരുന്നത്. രാത്രിയില്‍ ഉറങ്ങുന്നത് ഓഫിസിനുള്ളിലുമായിരുന്നു.
വ്യാഴാഴ്‌ചയാണ് ദമ്പതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകനെ അറസ്റ്റ് ചെയ്‌തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ് മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വലിയ പാറകല്ലുപയോഗിച്ചാണ് മകന്‍ ഇരുവരേയും കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്താനായിരുന്ന ലക്ഷ്യം എന്നാല്‍ കല്ല് അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന അമ്മയുടെ ശരീരത്തിലാണ് വീണത്. ശബ്‌ദം കേട്ട് ഉണര്‍ന്ന പിതാവിനെ പിന്നീട് കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നും കുട്ടി പൊലീസിന് മൊഴി നല്‍കി.