തൃശ്ശൂരിലെ പുത്തൻപള്ളിക്ക്സമീപമുള്ള കേരള ഫാൻസി സ്റ്റോറിലെത്തിയാൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും, സ്ഥാനാർഥികളുമൊക്കെ സന്തോഷവാന്മാരായി ഒരുമിച്ചിരിക്കുന്നതുകാണാം. സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു പറയാൻ വരട്ടെ. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ അതികായകന്മാരായ എകെജിയും, ഇഎംഎസും, വി.എസ് അച്യുതാനന്ദൻ മുതൽ നെഹ്രുവും, രാഹുൽ ഗാന്ധിയും, നരേന്ദ്ര മോദിയും വരെയുള്ള രാഷ്ട്രീയ നിരയുടെ പുഞ്ചിരിക്കുന്ന മുഖം ചിത്രം പതിച്ച ടീ ഷർട്ടായും പോസ്റ്ററായും തെരഞ്ഞെടുപ്പ് വസ്തുക്കൾ വിൽക്കുന്ന ഈ കടയിലുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങൾ പാലിച്ചാകണമെന്നതിനാൽ കൂടുതലും കടലാസിലും പ്രകൃതി സൗഹൃദ വസ്തുക്കളിലുമാണ് പ്രചാരണ സാമഗ്രികൾ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷങ്ങളായി തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം വർണ്ണ വൈവിധ്യപൂർണ്ണമാക്കുന്ന ഈ കടയിലേക്ക് കേരളത്തിന്‍റെവിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ടെന്ന് കടയുടമ പറയുന്നു.
വിശേഷവസരങ്ങളിലെല്ലാം തന്നെവൈവിദ്ധ്യമാർന്ന വസ്തുക്കളെത്തിക്കുന്ന ഇവർക്ക് ഇത്തവണ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നീണ്ടത് പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. നേരത്തെ കരുതിവച്ച ബിജെപി സ്‌പെഷ്യൽ പ്രചാരണ വസ്തുക്കൾ അടുത്ത തിരഞ്ഞെടുപ്പിൽ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയാണ് ഈ കച്ചവടക്കാർ പങ്കുവയ്ക്കുന്നത്.