തൃശൂര്‍: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ ന്യൂക്ലിക് ആസിഡ് എക്‌സ്‌ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു. കൊവിഡ് 19 പരിശോധന ഇനി വേഗത്തിലാകും. ആറ് മണിക്കൂർ വേണ്ടിവരുന്ന കൊവിഡ് പരിശോധനക്ക് ഇനി മുതൽ മൂന്ന് മണിക്കൂർ മതിയാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് രോഗപരിശോധന നടത്താമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. മെഡിക്കല്‍ കോളജില്‍ ഈ സംവിധാനത്തിലൂടെയുള്ള രോഗനിർണയ പരിശോധനകൾ ആരംഭിച്ചു.
രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പരിശോധന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജർമൻ നിർമിത മാഗ്നാ പ്യുർ 24 എന്ന യന്ത്രമാണ് ഇപ്പോൾ വൈറോളജി ലാബിൽ സ്ഥാപിച്ചിരിക്കുന്നത്. കൊവിഡിന് പുറമെ വൈറൽ സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഈ യന്ത്രത്തിലൂടെ രോഗ നിർണയം നടത്താമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.