തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്‌തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 50 വയസിന് മുകളിൽ പ്രായമുള്ള ആറ് പേർക്ക് എതിരെ തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
ശനിയാഴ്‌ച രാത്രി 7.50ന് ഗുരുവായൂർ എക്‌സ്‌പ്രസില്‍ എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. 50 വയസിന് മുകളിൽ പ്രായമുള്ള ആറോളം പേര്‍ ചേർന്നാണ് അതിക്രമം നടത്തിയത്. എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടനെ തന്നെ ശല്യം തുടങ്ങി.
ഇടപ്പള്ളിയിൽ വച്ച് റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദനമേറ്റു. അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Also read: വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് അറസ്‌റ്റില്‍