തൃശ്ശൂര്‍: ഇരിങ്ങാലക്കുട നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി അവസാനഘട്ടത്തില്‍. കെഎസ്ഇ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ പൊലീസാണ് നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരുവന്നൂര്‍ വലിയപാലം മുതല്‍ നടവരമ്പ് വരെയും പുല്ലൂര്‍ മുതല്‍ നാഷണല്‍ സ്‌കൂള്‍ വരെയും ഉള്ള ഭാഗങ്ങളില്‍ നെറ്റ് വിഷന്‍ ക്യാമറകളാണ് സ്ഥാപിക്കുന്നത്. 22 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പ്രധാന ജംഗ്ഷനുകള്‍, തിരക്കേറിയ റോഡുകള്‍, അപകട മേഖലകള്‍ എന്നിവിടങ്ങളിലായി 42 ക്യാമറകളാണ് സ്ഥാപിക്കുന്നത്.
ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാ ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കരുവന്നൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗത്ത് ക്യാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു. നഗരസഭയുടെ അനുമതിയോടെ റോഡരികില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് കേബിളുകള്‍ വലിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ക്യാമറകളുടെ നിയന്ത്രണവും നിരീക്ഷണവും കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷനിലായിരിക്കും. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു നഗരത്തില്‍ ഇത്ര വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് സിഐ പിആര്‍ ബിജോയ് പറഞ്ഞു.