തൃശൂര്‍: ഭവനരഹിതരക്കായി യു.എ.ഇ റെഡ് ക്രസന്‍റ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റിന്‍റെ പേരിൽ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എ.സി മൊയ്‌തീൻ നൽകിയ പരാതിയിൽ അനില്‍ അക്കര എംഎല്‍എയ്‌ക്ക് കോടതി സമൻസ് അയച്ചു. നവംബർ 18ന് കോടതിൽ ഹാജരാവാൻ അനിൽ അക്കരയോട് കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിന് പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂർ സബ് കോടതിയിൽ സിവിൽ കേസ് നൽകിയത്.
ഈ വിഷയത്തിൽ മന്ത്രി നൽകിയ സ്വകാര്യ അന്യായം തൃശൂർ സി.ജെ.എം കോടതിയിൽ ഫയലിൽ സ്വീകരിച്ചു. എംഎൽഎയ്‌ക്ക് പുറമെ സ്വകാര്യ വാര്‍ത്താ ചാനല്‍ അവതാരിക, ന്യൂഡ് ചാനൽ എഡിറ്റർ, പത്രത്തിന്‍റെ പബ്ലിഷര്‍ എന്നിവർക്കെതിരായും ഇന്ത്യൻശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുത്ത് ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന് നഷ്‌ടപരിഹാരം നൽകണമെന്നുമാണ് മന്ത്രി എ.സി മൊയ്‌തീൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വടക്കാഞ്ചേരിയിൽ യുഎഇ റെഡ് ക്രസന്‍റ് എന്ന സംഘടന സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുച്ഛയ നിർമാണത്തിന്‍റെ ഇടനിലക്കാരനായി മന്ത്രി എ.സി മൊയ്തീൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര ആരോപണമുന്നയിച്ചത്. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണം. വാർത്ത തുല്യപ്രധാനത്തിൽ തിരുത്തായി പ്രസിദ്ധീകരിക്കണമെന്നും മന്ത്രി എ.സി മൊയ്‌തീൻ ആവശ്യപ്പെട്ടിട്ടുണ്ട്.