തൃശ്ശൂര്‍: അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വിളക്കുമാടത്ത് ഹൈടെക് അംഗനവാടി ഒരുങ്ങുന്നു. 27 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന അംഗൻവാടിക്ക് മുരളി പെരുനെല്ലി എം.എൽ.എ തറക്കല്ലിട്ടു. 1440 സ്ക്വയർ ഫീറ്റിൽ ഇരുനില കെട്ടിടത്തിലാണ് ശീതീകരിച്ച ഹൈടെക് അംഗൻവാടി ഒരുങ്ങുന്നത്.
വയോജന സൗഹൃദ ഹാൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യക സൗകര്യം, ലൈബ്രറി, ടോയ്ലെറ്റ് എന്നിവയടങ്ങിയ ഇരുനില കെട്ടിടമാണ് ഒരുക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. നിര്‍മാണത്തിനുള്ള ബാക്കി തുക സംസ്ഥാന സർക്കാർ വഹിക്കുo. പ്രദേശവാസികളായ വടക്കൂട്ട് നന്ദകുമാർ, ജോണി മുട്ടത്ത്, മനോജ് കിഴക്കേ പുരയ്ക്കൽ എന്നിവര്‍ അഞ്ച് സെന്റ് സ്ഥലം അംഗൻവാടിക്ക് വേണ്ടി സൗജന്യമായി നൽകിയിരുന്നു.