തൃശൂര്‍: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയകളുടെയും കൊള്ളക്കാരുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും സ്വന്തം ഓഫീസിൽ എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേർക്ക് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും ഐടി വകുപ്പിൽ പിഡബ്ല്യൂസിയുടെ മറവിൽ നടന്ന മുഴുവൻ നിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ നടന്ന മുഴുവൻ നിയമനവും റദ്ദാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനെ ശിവശങ്കരൻ ഏത് രീതിയിൽ സഹായിച്ചുവെന്ന് വ്യക്തമാക്കണമെന്നും സ്വർണക്കടത്തിൽ സിബിഐ അന്വേഷണം ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.