തൃശ്ശൂര്‍ : ഒന്നേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി സഹോദരങ്ങളെ തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബര്‍ണാഡ് സഹോദരന്‍ ജോണ്‍സണ്‍ ബര്‍ണാഡ് എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. രണ്ടായിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും കള്ളനോട്ടുകളാണ് കംമ്പ്യൂട്ടറില്‍ നിന്ന് പ്രിന്‍റെടുത്ത് ഇവര്‍ വിതരണം ചെയ്തിരുന്നത്. കള്ളനോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്‍ററും കണ്ടെടുത്തു. ലോട്ടറി വില്‍പനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ബെന്നി. തൃശ്ശൂരിലെ ചില കടകളിലും വാണിജ്യ സമുച്ചയങ്ങളിലും ഇവർ രണ്ടായിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും കള്ളനോട്ടുകൾ കൊടുത്ത് സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ ഒരു സംഘം പതിവായി വിതരണം ചെയ്യുന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
2000 രൂപയുടെ ഒമ്പത് കള്ളനോട്ടുകളുമായി ശക്തൻ സ്റ്റാന്‍റിലെത്തിയ ബെന്നിയെ പൊലീസ് കൈയ്യോടെ പിടികൂടി. നോട്ടുകൾ നിർമ്മിച്ചത് സഹോദരന്‍ ജോൺസനാണെന്ന് ചോദ്യം ചെയ്യലിൽ ബെന്നി സമ്മതിച്ചു. വടുതലയിലെ വീട് റെയ്ഡ് ചെയ്തപ്പോൾ വിതരണം ചെയ്യാൻ തയാറാക്കിവച്ച രണ്ടായിരത്തിന്‍റെ 45 നോട്ടുകളും അഞ്ഞൂറിന്‍റെ 26 നോട്ടുകളും 50 രൂപയുടെ ഒരു നോട്ടും കണ്ടെടുത്തു. ഇവര്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്ത ആളുകളെ കുറിച്ച് അന്വേഷണം നടത്തിയവരികയാണെന്ന് പൊലീസ് അറിയിച്ചു.