തിരുവനന്തപുരം : സങ്കീർത്തനം പോലെ എഴുത്തും ജീവിതവും മുന്നോട്ടു കൊണ്ടുപോയ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ആയിരം പൂർണ ചന്ദ്രന്മാരുടെ നിറവിൽ. പെരുമ്പടവത്തിന്‍റെ 84ാം ജന്മദിനമാണിന്ന്. ഏകാകിയായ യാത്രികനാണ് താൻ. ആ യാത്രയുടെ ഓർമകളിൽ ജീവിക്കുന്നുവെന്ന് ജന്മദിനത്തെ കുറിച്ച് പെരുമ്പടവം പ്രതികരിച്ചു.
തിരുവനന്തപുരം തമലത്തെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പെരുമ്പടവത്തെ പൊന്നാടയണിച്ച് ആദരിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച അതുല്യ പ്രതിഭയാണ് പെരുമ്പടവമെന്നും അദ്ദേഹത്തിൻ്റെ സാഹിത്യ കൃതികൾ പരിശോധിച്ചാൽ ശരിയായ ദിശാബോധമാണ് ലഭിക്കുന്നതെന്ന് മനസിലാക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Also read: ബാബു കയറിയത് മലമുകളിലെ കൊടിതൊടാൻ
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസന്‍, തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി എന്നിവർ പങ്കെടുത്തു. മലയാളത്തിന് ഒരു പുതിയ നോവൽ കൂടി സംഭാവന ചെയ്‌ത് കൊണ്ടാണ് പെരുമ്പടവം ശതാഭിഷേകം ആഘോഷിക്കുന്നത്. ഒരു കവിയുടെ ജീവിതം ഇതിവൃത്തമായ 'അവനി വാഴ്വ് കിനാവ്' എന്ന കൃതിയാണ് അദ്ദേഹം പൂർത്തിയാക്കിയത്.