തിരുവനന്തപുരം: കേന്ദ്രത്തെ വിമർശിക്കുമ്പോൾ മറ്റു ചിലർ പ്രകോപിതരാകുന്നത് എന്തിനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടായിരുന്നു മന്ത്രിയുടെ ചോദ്യം. ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാരെയും കേന്ദ്രത്തെയും വിമര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രി മുഹമ്മദ് റിയാസും വി.ഡി സതീശനും തമ്മില്‍ നിയമസഭയില്‍ വാക്‌പോരുണ്ടായത്.
കെ ബാബുവിൻ്റെ ദേശീയപാത വികസനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനെയും വി മുരളീധരനെയും രൂക്ഷമായ ഭാഷയില്‍ മന്ത്രി വിമർശിച്ചിരുന്നു. ഉദ്‌ഘാടനം ഉറപ്പായ പദ്ധതികൾ സന്ദർശിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുന്ന കേന്ദ്രമന്ത്രിമാർ ദേശീയ പാതയിലെ കുഴിയെണ്ണാൻ കൂടി തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപാത വികസനം നടക്കുന്നുവെന്നത് യാഥാർഥ്യമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
മന്ത്രി പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തെ വിമർശിക്കുമ്പോൾ പ്രതിപക്ഷ നേതാവ് പ്രകോപിതനാവുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. വികസനത്തിന്‍റെ എവർറോളിങ് ട്രോഫി ആഗ്രഹിച്ചല്ല പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കുന്നതെന്നും എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.