തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാദപ്രതിവാദം. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തെ അടിയന്തര പ്രമേയ വിഷയമാക്കി നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ ഭരണപക്ഷം വിഷയത്തില്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച അനുവദിച്ച് തിരിച്ചടിച്ചു. തിങ്കളാഴ്‌ച രാവിലെ 7 മണിക്ക് സ്‌പീക്കര്‍ക്ക് നോട്ടിസ് നല്‍കും വരെ വിഷയം അതീവ രഹസ്യമാക്കി വച്ചായിരുന്നു പ്രതിപക്ഷ നീക്കം.
വിഷയം നേരത്തേ ചോര്‍ന്ന് പോയാല്‍ ഏതെങ്കിലും ഒന്നോ രണ്ടോ പേരെ കസ്റ്റഡിയിലെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കം ഭരണപക്ഷം നടത്തുമെന്ന് പ്രതിപക്ഷത്തിനറിയാമായിരുന്നു. സംഭവത്തില്‍ തങ്ങളുടെ നിരപരാധിത്വം പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്നും അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അവതരണാനുമതി നിഷേധിച്ചാല്‍ അത് തങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ആയുധം നല്‍കുന്നതാകുമെന്നും പ്രതിപക്ഷം കണക്കു കൂട്ടി. പ്രതിപക്ഷം ഒരുക്കിയ ഈ കെണി മനസിലാക്കിയ ഭരണപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചാണ് പ്രതിപക്ഷ തന്ത്രത്തിന് മറുതന്ത്രമൊരുക്കിയത്.
പ്രമേയം അവതരിപ്പിച്ച് പി.സി വിഷ്‌ണുനാഥ് : സംസ്ഥാന നിയമസഭ ചരിത്രത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാന പാര്‍ട്ടിയുടെ ഓഫിസ് അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേത്തിന് നോട്ടിസ് നല്‍കുന്ന ആദ്യ സംഭവം കൂടിയായി ഇതുമാറുകയാണ്. രാവിലെ ശൂന്യ വേളയില്‍ സ്‌പീക്കര്‍ വിഷയം പരിഗണിച്ചപ്പോള്‍ തന്നെ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നടന്ന ചര്‍ച്ചയില്‍ ഭരണപക്ഷത്ത് നിന്ന് സംസാരിച്ച അംഗങ്ങള്‍ക്കോ മുഖ്യമന്ത്രിക്കോ ഇ.പി ജയരാജന്‍ ആരോപിച്ചത് പോലെ സംഭവത്തില്‍ കോണ്‍ഗ്രസ് പങ്ക് തെളിയിക്കാനായില്ല.
പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നതില്‍ നിന്ന് തന്നെ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്ന പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച അംഗങ്ങളുടെ ആരോപണങ്ങളുടെ മുന സിപിഎമ്മിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു. തങ്ങള്‍ക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാക്കി അടിയന്തിര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം മാറ്റിയെടുത്തു. കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച സംഭവങ്ങളിലെല്ലാം വാദി പ്രതിയായതിന്‍റെ തെളിവുകള്‍ നിരത്തി ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട പി.സി വിഷ്‌ണുനാഥ് ശ്രമിക്കുകയും ചെയ്‌തു.
നിയമസഭയില്‍ വാദ-പ്രതിവാദം : ഭരണപക്ഷത്ത് നിന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച എം.എം മണി പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ജയരാജന്‍ കോണ്‍ഗ്രസിന്‍റെ പേര് പറഞ്ഞത് സംശയമുള്ളതു കൊണ്ടുതന്നെയെന്ന് എം.എം മണി കടത്തിപ്പറഞ്ഞു. മുന്‍പ് വീടുവളഞ്ഞ് വെളുപ്പാന്‍ കാലത്ത് കാര്യമില്ലാതെ, തന്നെ തിരുവഞ്ചൂര്‍ അറസ്റ്റ് ചെയ്യിച്ച പോലെ എല്‍ഡിഎഫ് ഇത് ആരുടെയും തലയില്‍ കെട്ടിവയ്ക്കില്ല.
അന്വേഷിച്ച് യഥാര്‍ഥ പ്രതിയിലേക്കുതന്നെ എത്തും. അപ്പോള്‍ അത് കോണ്‍ഗ്രസാണെങ്കില്‍ തള്ളിപ്പറയുമോ എന്നായി പ്രതിപക്ഷം. കോണ്‍ഗ്രസുകാരനെ പിടിച്ചുകൊണ്ടു വാ എന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. കരുതലോടെയാണ് അന്വേഷണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തമായ ഗൂഡാലോചന സംഭവത്തിനുപിന്നിലുണ്ട്. അതുകൊണ്ടാണ് പൊലീസുകാരില്ലാത്ത ഗേറ്റ് മനസിലാക്കി ആ ഭാഗത്തേക്ക് ബോംബെറിഞ്ഞത്. ബോംബുണ്ടാക്കുന്ന കാര്യത്തില്‍ സുധാകരന്‍ മിടുക്കനാണെന്ന് ഉത്തരവാദിത്തമുള്ള ഒരു മാധ്യമം അദ്ദേഹം കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും സുധാകരന്‍റെ കാര്യം പ്രതിപക്ഷത്തെ മറ്റാരേക്കാളും നന്നായി അറിയാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഫലത്തില്‍ സംഭവത്തിന് ഉത്തരവാദികള്‍ ആരെന്നോ അവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നോ എറിഞ്ഞവരുടെ ഉദ്ദേശ്യം എന്തെന്നോ ചര്‍ച്ച കഴിഞ്ഞിട്ടും അവ്യക്തമായി തുടരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.