തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ് വീണ്ടും രംഗത്ത്. അപകട സമയത്ത് താനാണ് കാർ ഓടിച്ചിരുന്നത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് തനിക്കറിയില്ലെന്നും അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്ത് കഥ വേണമെങ്കിലും ചമക്കാമെന്നും വഫ ഫിറോസ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് താൻ പറഞ്ഞതെല്ലാം സത്യമാണ്. തനിക്ക് ഇനി എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും വഫ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ അപകട സമയത്ത് കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വഫയുടെ പ്രതികരണം. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ രണ്ടു മാസത്തേക്കു കൂടി നീട്ടി. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകനായ കെ.എം ബഷീർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് മരിച്ചത്. അപകട സമയത്ത് വഫയും ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്നു.