തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പുതുക്കിയത് പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ സി.പി.എം സമ്മേളന നടത്തിപ്പിനെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രോട്ടോകോൾ പാലിക്കുമെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല ജില്ല കലക്‌ടർക്കാണെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ അഡ്‌മിറ്റാവുന്നവരുടെ എണ്ണം അനുസരിച്ചാണ് ജില്ല തിരിച്ചുള്ള നിയന്ത്രണം നിശ്ചയിച്ചത്. എല്ലാ പരിപാടികളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചേ പാടുള്ളൂവെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജില്ല ഭരണകൂടം അത് ഉറപ്പു വരുത്തണമെന്നും അതിൽ ആർക്കും ഇളവില്ലെന്നും സി.പി.എം സമ്മേളനം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി വീണ ജോർജ് പറഞ്ഞു.
മൂന്നു തരംഗങ്ങളിലും സർക്കാർ വ്യത്യസ്‌തമായ പ്രതിരോധതന്ത്രങ്ങളാണ് സ്വീകരിച്ചത്. ഒമിക്രോണിന് ഡെൽറ്റയെ അപേക്ഷിച്ച് വ്യാപനം കൂടുതലും തീവ്രത കുറവുമാണ്. അതനുസരിച്ച് ശാസ്ത്രീയമാണ് ഇപ്പോഴത്തെ പ്രതിരോധമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെങ്കിലും അടച്ചിടൽ അവസാന ഘട്ടത്തിൽ മാത്രം സ്വീകരിക്കേണ്ട നടപടിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അതിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
ALSO READ: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
ജില്ല തിരിച്ചുള്ള കൊവിഡ് നിയന്ത്രണത്തിൽ ഒരു കാറ്റഗറിയിലും പെടാത്ത ജില്ലകളിൽ മുമ്പ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമെന്ന് മന്ത്രി പറഞ്ഞു.
പത്തിൽ കൂടുതൽ പേർക്ക് രോഗം ബാധിച്ചാൽ ഒരു സ്ഥാപനമോ ഓഫീസോ ലാർജ് ക്ലസ്റ്ററായി കണക്കാക്കും. അത്തരത്തിൽ അഞ്ച് ലാർജ് ക്ലസ്റ്റർ ഉള്ള സ്ഥാപനം/ഓഫീസ് അഞ്ചു ദിവസത്തേക്ക് അടച്ചിടണം. ക്ലസ്റ്റർ ഉള്ള സ്ഥലങ്ങളിൽ ഇൻഫെക്ഷൻ കൺട്രോൾ ടീമിനെ നിയോഗിക്കും.
ഓഫീസുകളിൽ ലക്ഷണങ്ങളുള്ളവരും ആരോഗ്യപ്രവർത്തകരും പരിശോധന നടത്തണം. കേന്ദ്രം മുന്നോട്ടു വച്ച 2.68 കോടിയെന്ന വാക്‌സിനേഷൻ ലക്ഷ്യം സംസ്ഥാനം കൈവരിച്ചതായും അതേസമയം വാക്‌സിനേഷൻ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.