തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാൾ മരണപ്പെട്ടു. പരവൂർ ബാറുവിള വീട്ടിൽ വികാസ് (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരവൂർ സ്വദേശി ഉണ്ണി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. മേൽ വെട്ടൂർ ജംഗ്ഷന് സമീപം സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന തൊഴിലാളികളാണ് അപടത്തില്‍ പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന കക്കൂസ് ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു. 6ഓളം പേർ ചേർന്നാണ് സംരക്ഷണ ഭിത്തി നിർമാണത്തിന് എത്തിയത്.
അപകട സമയം വികാസും ഉണ്ണിയുമാണ് ഉണ്ടായിരുന്നത്. ഇവരുടെ മുകളിലേക്ക് പെട്ടെന്ന് മണ്ണും കക്കൂസും ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും നിലവിളിച്ച് ആളെ കൂട്ടുകയും ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.
ഉടൻ തന്നെ ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. വികാസിനെ പുറത്ത് എടുത്തപ്പോൾ കുഴഞ്ഞു വീണു. തുടർന്ന് ഫയർ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
also read: Actress Attack Case: സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
തൊട്ട് പിന്നാലെയാണ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരെയും വർക്കല മിഷൻ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. കടയ്ക്കാവൂർ വർക്കല പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. വർക്കല ഡിവൈഎസ്‌പി പി. നിയാസ് സ്ഥലം സന്ദർശിച്ചു.