തിരുവനന്തപുരം : ഉത്രവധക്കേസില്‍ ഇരട്ടജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രാവിലെ പതിനൊന്ന് മണിയോടെയാണ് കൊല്ലത്തുനിന്നും സൂരജിനെ പൂജപ്പുരയിലെത്തിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 12.30 ഓടെ ജയിലിലെ സെല്ലിലേക്ക് മാറ്റി.
4642 എന്ന നമ്പര്‍ തടവുകാരനായാണ് സൂരജിനെ പൂജപ്പുരയില്‍ പ്രവേശിപ്പിച്ചത്. വിചാരണ തടവുകാരനായതിനാല്‍ ഇത്രയും ദിവസം സൂരജിനെ കൊല്ലം ജില്ല ജയിലിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കേസില്‍ ബുധനാഴ്‌ച ശിക്ഷ വിധിച്ചതോടെയാണ് പൂജപ്പുരയിലേക്ക് മാറ്റിയത്.
സൂരജിന് ഇരട്ട ജീവപര്യന്തത്തോടൊപ്പം 17 വര്‍ഷ തടവും കോടതി വിധിച്ചിട്ടുണ്ട്. ആദ്യം പതിനേഴ് വര്‍ഷത്തെ തടവുശിക്ഷയാണ് സൂരജിന് അനുഭവിക്കേണ്ടി വരിക. അതിനുശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് . 5.85 ലക്ഷം രൂപ പിഴയായി ഒടുക്കണമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ : സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലില്‍ ; കൊല്ലത്തുനിന്ന് മാറ്റും
സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് ഉത്രയുടെ കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശിക്ഷയില്‍ ഇളവുതേടി സൂരജും വരും ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കും.