തിരുവനന്തപുരം : വിവാഹ വാഗ്‌ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പള്ളിയിലെ ഉസ്‌താദിന് ഇരുപത്തഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാനെ (24)യാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി. ഇവർ തമ്മിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു.
തുടർന്ന് വിവാഹം കഴിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി അബ്ദുൾ റഹ്മാൻ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാൽ വിദ്യാര്‍ഥിനി വിശ്വാസത്തിലെടുക്കുകയും ചെയ്‌തു. എന്നാൽ പീഡനത്തിന് ശേഷം ഇയാൾ വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിന്മാറി.
ALSO READ : 'എട്ട് ലക്ഷത്തിന്‍റെ ഗിഫ്‌റ്റ് കൂപ്പണി'ൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് സ്വദേശി
ഇത് ചോദിക്കാൻ എത്തിയ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറുകയും ചെയ്‌തു. ഇതിൽ മനം നൊന്ത് 2018 ഡിസംബർ 13ന് അർധരാത്രി ഇയാളുടെ വീടിൻ്റെ മുകളിൽ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഇയാൾ പെണ്‍കുട്ടിയെ മർദ്ദിക്കുകയും ചെയ്തു.
ഒടുവിൽ പൂന്തുറ പൊലീസ് എത്തി കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.