തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സത്യം പുറത്ത് വരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎഇ കോൺസുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും നടന്നെന്നും ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും എസ് ജയശങ്കര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല.
നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ നിയമവിധേയമായി പ്രവർത്തിക്കണമെന്നും കോടതിക്ക് മുന്നിലെ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വളരെ ഗൗരവമേറിയ വിഷയമാണ്. അയൽരാജ്യത്തെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഇന്ത്യയിൽ നിന്നും അവശ്യവസ്‌തുക്കള്‍ എത്തിക്കുന്നുണ്ട്. സാമ്പത്തിക സഹായം അടക്കം നൽകി. പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് ചർച്ചകൾ നടക്കുകയാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. അതേസമയം, നുപുര്‍ ശര്‍മയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തോട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.