തിരുവനന്തപുരം: തലസ്ഥാനത്തെ സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് അന്വേഷണ സംഘം. കോണ്‍സല്‍ ജനറലുമായുള്ള അടുത്ത ബന്ധം മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് കള്ളക്കടത്തിന് സഹായകമായി എന്നാണ് പുറത്തുവരുന്ന വിവരം. ക്രമക്കേടിനെ തുടര്‍ന്ന് പുറത്താക്കിയെന്ന് വിശദീകരണം നല്‍കിയ യു.എ.ഇ കോണ്‍സുലേറ്റ് തന്നെ സ്വപ്‌നക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരവും പുറത്തുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് കസ്റ്റംസ് അധികൃതര്‍.
1969 ലെ വിയന്ന കണ്‍വെന്‍ഷന്‍ കരാര്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ബാഗേജുകള്‍ പ്രത്യേക സുരക്ഷ നല്‍കുന്ന വിഭാഗത്തിലാണ്. വിമാനത്താവളങ്ങളില്‍ ഈ ലഗേജുകള്‍ എക്‌സ്‌റേ പരിശോധനക്കോ തുറന്നുള്ള പരിശോധനക്കോ വിധേയമാക്കാന്‍ കസ്റ്റംസിന് അധികാരമില്ല. എന്നാല്‍ കള്ളക്കടത്ത് സംബന്ധിച്ച വിശ്വസനീയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ബാഗേജ് കസ്റ്റംസ് പരിശോധിച്ചത്.
കോണ്‍സുലേറ്റിന്‍റെയോ നയതന്ത്ര ഉദ്യോഗസ്ഥന്‍റെയോ പേരിലാണ് സാധാരണയായി നയതന്ത്ര ലഗേജുകള്‍ വരിക. ഇവ ഔദ്യോഗിക ലഗേജോ സ്വകാര്യ ലഗേജോ ആകാം. ഇത്തരത്തില്‍ കോണ്‍സുലേറ്റുകളിലേക്ക് വരുന്ന ലഗേജുകള്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്ത് എത്തിക്കുന്നതിന് കോണ്‍സുലേറ്റ് പി.ആര്‍.ഒ അല്ലെങ്കില്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗസ്ഥര്‍ വേണം. സ്വകാര്യ ലഗേജാണെങ്കില്‍ വിലാസമുള്ള ഡിപ്ലമേറ്റോ അല്ലെങ്കില്‍ അയാള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ എത്തണം. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിനുളളില്‍ നിന്നുള്ള സഹായം ലഭിക്കാതെ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്താനാകില്ല.
ക്രമക്കേടിന് പുറത്താക്കിയ സാഹചര്യത്തില്‍ മുന്‍ പി.ആര്‍.ഒ ആയ സരിത്തിന് ഇത് ഒരിക്കലും ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്നാണ് നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്ത് സ്വപ്‌ന ഉണ്ടാക്കിയെടുത്ത സ്വാധീനം സരിത് ഉപയോഗപ്പെടുത്തിയെന്ന സൂചനകള്‍ പുറത്തുവരുന്നത്.