തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിങ് യാർഡിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയർക്കും അപ്രന്‍റിസിനുമാണ് പരിക്കേറ്റത്. രാത്രി എട്ടു മണിയോടെ അമൃത എക്‌സ്പ്രസ് ഷണ്ടിങിനിടെയാണ് അപകടമുണ്ടായത്.
ട്രെയിനിന് ഇടയിൽപ്പെട്ട സീനിയർ സെക്ഷൻ എഞ്ചിനീയര്‍ ശ്യാം ശങ്കറിൻ്റെ വലതു കാൽ മുറിഞ്ഞുപോയ നിലയിലാണ് കണ്ടെത്തിയത്. അപ്രൻ്റിസായ മിഥുനും പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
ജീവനക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷണ്ടിങിനിടെ ട്രാക്കിൽ തന്നെയായിരുന്നു ഇരുവരുമെന്നാണ് മൊഴികൾ. ഇതിൽ ലോക്കോ പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
ഷണ്ടിങ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന പരാതിയിൽ ഇരുവരും പരിശോധനയ്ക്ക് പോയതാണെന്നും നേത്രാവതി എക്‌സ്‌പ്രസ് തട്ടിയാണ് അപകടം ഉണ്ടായതെന്നും സൂചനയുണ്ട്. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ അപകടം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവം റെയിൽവേ പൊലീസും കേരള പൊലീസും അന്വേഷിക്കും.