തിരുവനന്തപുരം: ലൈംഗിക പീഡനത്തെ തുടർന്ന് 5 ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത വിതുരയിൽ വീണ്ടും ആദിവാസി പെൺകുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ ബന്ധുവും ഇയാളുടെ സുഹൃത്തുമുൾപ്പെടെ 2 പേർ അറസ്റ്റിൽ. വിതുര പൊട്ടൻകുളം സ്വദേശി രഞ്ജുവെന്ന വിനോദ് (32), ഇയാളുടെ സുഹൃത്തും കിളിമാനൂർ സ്വദേശിയുമായ ശരത്ത് (23) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
രഞ്ജുവിൻ്റെ ബന്ധത്തിലുള്ള 16,14 വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഈ മാസം 28നാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഫോണിലൂടെ വിളിച്ചു വരുത്തി കിളിമാനൂരുള്ള വാടക വീട്ടിൽ വച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികൾ വീട്ടിൽ ഇല്ലാത്തത് അറിഞ്ഞ മാതാപിതാക്കൾ ഇവർ രഞ്ജുവിനൊപ്പമുണ്ടെന്നറിഞ്ഞ് കിളിമാനൂരെത്തി. ഇതറിഞ്ഞ പ്രതി പെൺകുട്ടികളെ വീട്ടിൽ പൂട്ടിയിട്ട ശേഷം കടന്നു കളയുകയായിരുന്നു.
തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിലാണ് പെൺകുട്ടികൾ പീഡനവിവരം പുറത്ത് പറയുന്നത്. രഞ്ജു നേരത്തെ ഇളയ പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമം നടത്തിയിരുന്നു. ഇയാളുടെ സുഹൃത്ത് ശരത്ത് ഇളയ പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി വീടിന് സമീപമുള്ള അൽക്കേഷ്യ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
രഞ്ജുവിനെ പെരിങ്ങമലയിലും ശരത്തിനെ പത്തനംതിട്ടയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. ഇവർക്കെതിരെ 3 കേസുകൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് വിതുര സിഐ ശ്രീകുമാർ പറഞ്ഞു.
Also read: ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരത്തെറിച്ചു; നീങ്ങിയത് 25 മീറ്റര്‍, ആളപായമില്ല